ഓർമ്മച്ചിന്തുകൾ

• •

ഏഴിലം പാലപ്പൂക്കൾ

ജനിക്കുമ്പോൾ നമുക്കാർക്കും തന്നെ ലവലേശമില്ലാതിരുന്ന ഒരു വികാരം നമ്മുടെ ജീവിതത്തെയാകേ കീഴ് പ്പെടുത്തുന്ന വിരോധാഭാസത്തിന്റെ ഉത്തമ ഉദാഹരണമാണ് ഭയം. ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ പല ഭാവങ്ങളിൽ അതു പ്രത്യക്ഷമാവുന്നു.. ചില ഭയങ്ങൾ ജീവിതത്തിന് അടുക്കും ചിട്ടയും പ്രദാനം ചെയ്യുന്നു മറ്റ് ചിലവ ജീവിതത്തെയാകേ തകർത്ത് കളയുന്നു.

വിദ്യാഭ്യാസ കാലത്ത് പരീക്ഷയ്ക്കു വരാവുന്ന ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ വരുമോ എന്നുള്ള ആശങ്ക , ചില അദ്ധ്യാപകരുടെ കാർക്കശ്യം , ചില കൂട്ടുകാരുടെ പിണക്കം എന്നിവയെല്ലാം ഭയത്തെ ക്ഷണിച്ചു വരുത്തിയിരൂന്നു .

ഓർമകളുടെ തുടക്കത്തിലൊന്നും ഈ മഹാനെ കണ്ടെത്താനാവുന്നില്ല. അമ്മയുടെ കുടുംബ ഗൃഹത്തിൽ വിരുന്നെത്താറുള്ള ബന്ധുക്കളായ ചേച്ചിമാരിൽ നിന്നും കിട്ടിയ അറിവുകൾ മൂത്ത സഹോദരി പങ്ക് വെക്കുന്നിടത്ത് നിന്നുമാണ് അതിന്റെ ഉൽഭവം . പറമ്പിന്റെ അതിരിൽ നിൽകുന്ന വെളുത്ത പൂക്കളുള്ള വൃക്ഷം ഏഴിലം പാല ആണെന്ന് കക്ഷി ഒരു ദിവസം പ്രഖ്യാപിച്ചു. അങ്ങനെയല്ലെന്ന് അമ്മമ്മ തീർത്ത് പറഞ്ഞെങ്കിലും യക്ഷികഥകൾ കുട്ടിക്കാലത്തെ അലോസരപ്പെടുത്താൻ തുടങ്ങി.പ്രസ്തുത വൃക്ഷത്തിൽ നിന്നും സംഭവിക്കാവുന്ന ഒരു ദൂരന്തത്തിൽ നിന്നും മരണഭയവും അറിയാത്ത എന്തിനേയും അപകടത്തിന്റെ മുന്നറിയിപ്പായി കരുതാനുമുള്ള ഒരു മനോനിലയും ലഭിച്ചു. ആശങ്കകളും ഉൽക്കണ്ഠയും കാട് കയറുന്ന ചിന്തകളുമുള്ള ഒരു ജീവിതത്തിലേക്ക് അങ്ങനെ വിജയകരമായി പ്രവേശിക്കാനായി.

ആദ്യത്തെ പേടിപ്പെടുത്തുന്ന സ്വപ്നം ഒരു സിംഹത്തിന്റെ രൂപത്തിൽ തെക്കേ മുറ്റത്തെ വരാന്തയിലെത്തി. അമ്പരിപ്പിക്കുന്ന വസ്തുത തെക്കേ മുറ്റത്ത് തദവസരത്തിൽ ഒറ്റപ്പെട്ടു പോയതാണ് . അടുത്ത ദിവസത്തെ ഏറ്റവും പ്രയാസപ്പെട്ട പ്രവൃത്തി അവിടെ ഒരു സിംഹമില്ല എന്ന യാഥാർഥ്യം മനസ്സിൽ പ്രബലപ്പെടുത്തുന്നതായിരുന്നു.

വായനവഴികളിൽ പലപ്പോഴും പേടിപ്പെടുത്തുന്ന കഥകളെ കണ്ടു മുട്ടി. ഒന്നിലേറെ തവണ വായിക്കാതിരിക്കാനൊ വായിച്ചാൽ തന്നെ പേടി തോന്നാതിരിക്കാനോ പിന്നീട് സാധിച്ചു. ബ്രാം സ്റ്റോകെർ , സ്റ്റീഫൻ കിങ് പുസ്തകങ്ങൾ അത് കൊണ്ട് തന്നെ പ്രിയപ്പെട്ടതല്ലാതായി . ഹൊറർ മൂവീകളും ആകർഷകമായി തോന്നിയില്ല . മാത്രമല്ല അവയെ പേടിയില്ലാതെ നിസ്സാരമായി തള്ളി ഇപ്പോൾ കണ്ടിരിയ്ക്കാനാവും . അവ ഇപ്പോൾ തമാശ സിനിമകളായിട്ടാണ് അനുഭവപ്പെടാറുള്ളത്.

ജീവിതത്തിന്റെ വഴിമുക്കുകളിൽ എടുത്ത തീരുമാനങ്ങൾ ശരിയായിരിക്കുമോ എന്ന ഭയം എപ്പോഴും കൂടെയുണ്ടായിരുന്നു. പക്ഷേ നാളെയുടെ അനിശ്ചിതത്വം മനുഷ്യന്റെ പരിധിയുടെ പുറത്താണെന്നുള്ള സത്യം എന്നും ആശ്വാ സമായി .

യഥാർഥത്തിൽ ഭയക്കേണ്ടവ മാത്രമേ ഇന്ന് ഭയപ്പെടുത്തുന്നുള്ളൂ. പക്ഷേ അറിയപ്പെടാത്ത വ്യക്തികൾ, അവരവരുടെ മേഖലകളിലെ സംഘർഷങ്ങൾ , അറിയുന്ന പ്രശസ്തരുടെ പരാജയങ്ങൾ, നീതിനിഷേധങ്ങൾ , സാമൂഹ്യ മാധ്യമങ്ങളിലെ പാതിസത്യങ്ങൾ, സഭ്യത വിടുന്ന വാക്കുതർക്കങ്ങൾ, അഭിപ്രായങ്ങളിലെ നീതികേടുകൾ , സമൂഹത്തിലെ മൂല്യ ച്യുതികൾ, മൊത്തത്തിലുള്ള അപചയങ്ങൾ ഇവയൊക്കെ തീർച്ചയായും ഭീതിപ്പെടുത്തുന്നു. എന്നിരുന്നാലും ആത്യന്തിക സത്യമായ മനുഷ്യ നശ്വരത ഒരു ആശ്വാസമായി കടന്നെത്തുന്നു. ഭയം തീരെ അനുഭവപ്പെടാത്ത ഒരു ലോകത്തിലേക്കു ഞാനും ഒരു ദിവസം കടന്നു പോകും .